Monday, May 25News That Matters
Shadow

പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കും: മന്ത്രി കെ.എം. ഷാജി

തിരൂരങ്ങാടി: നിയമനം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ജോലി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണെങ്കിലും ജോലി സ്ഥിരതയോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്ത പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങളിൽ പഠനം നടത്തി അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. കേരള പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്തൊമ്പത് വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് പ്രകാരം ആരംഭിച്ചതാണ് ഈ സംവിധാനം. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ പാലിയേറ്റീവ് നഴ്സുമാരെയാണ് നിയമിക്കാറുള്ളത്. കിടപ്പ് രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വലിയ ദൗത്യമാണ് ഇവർ നിർവഹിക്കുന്നത്. എന്നാൽ കരാറടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ ഇവർക്ക് തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. പത്തും പതിനഞ്ചും വർഷമായി സേവനമനുഷ്ഠിച്ചിട്ടും സ്ഥിര നിയമനമോ ശമ്പള വർധനവോ ലഭിക്കാത്ത ഈ മേഖലയിലുള്ളവർക്ക് സ്ഥിര നിയമനം നൽകുക, സർവ്വീസ് കാലം പരിഗണിച്ച് ശമ്പള വർധനവ് നടപ്പിലാക്കുക, പി.എഫ്, ഇ.എസ്.ഐ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ജനറൽ സെക്രട്ടറി സുനിത പി.ടി, ട്രഷറർ സജ്ന തയ്യിൽ, ഭാരവാഹികളായ അമ്പിളി വേങ്ങര, വനജ കണ്ണമംഗലം എന്നിവർ മന്ത്രിക്ക് നിവേദനം നൽകുന്നതിനായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL