സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനിയായ യുവതി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറും ഒരാഴ്ച മുമ്പായിരുന്നു ഹിദയുടെയും യാസീന്റെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

