
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഉസ്താദിനെ നേരിൽ കണ്ട് പിന്തുണ തേടിയത്. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിച്ചു. സന്ദർശന വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി.എം എന്നിവരും അനുഗമിച്ചിരുന്നു. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ അസീസ് കടലുണ്ടി കാന്തപുരം ഉസ്താദിനെ സന്ദർശിച്ച വാർത്ത വള്ളിക്കുന്ന് മണ്ഡലത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
