വേങ്ങര: തിരൂരങ്ങാടി സോക്കർ കിംഗ്‌സും കൂരിയാട് കാസ്മ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സോക്കർ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ വിളംബരമറിയിച്ച് ഗ്രൗണ്ടിൽ പതാക ഉയർത്തി. കൂരിയാട് പാടത്ത് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു. കാസ്മ ക്ലബ്ബ് രക്ഷാധികാരി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എസ്.എഫ്.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.ടി. ഹംസ, ഫൂബ സോക്കർ അറീന ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂരിയാട് പാടത്ത് വാശിയേറിയ ഫുട്ബോൾ പോരാട്ടങ്ങൾക്കാണ് പന്തുരുളുക. സ്പോർട്സ് കൗൺസിൽ പ്രതിനിധികളും ഫുട്ബോൾ പ്രേമികളും ചടങ്ങിൽ സംബന്ധിച്ചു.

