Sunday, March 1News That Matters
Shadow

മാരക ലഹരിമരുന്നുകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നുകളുമായി മലപ്പുറം രണ്ടത്താണി സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിലായി. രണ്ടത്താണി സ്വദേശി അബ്ദുൽ നാസർ (39) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.633 കിലോഗ്രാം കഞ്ചാവും 19.210 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് ഇവ. കോഴിക്കോട് ജയിൽ പരിസരത്ത് വെച്ച് അസാധാരണ വേഗതയിൽ കാർ ഓടിച്ചുപോയ നാസറിനെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പുതിയറ ജങ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെട്ട കാർ തിരിച്ച് ജയിൽ ഭാഗത്തേക്ക് തന്നെ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ സീറ്റിന് പിന്നിലെ രഹസ്യ അറയിൽ എം.ഡി.എം.എയും സ്റ്റെപ്പിനി ടയറിന് അടിയിൽ കഞ്ചാവും ഒളിപ്പിച്ച നിലയിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന പ്രധാനിയാണിയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച വരികയാണ്. കസബ എസ്.ഐ യു. സനീഷ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഈ അറസ്റ്റിലൂടെ മലപ്പുറം-കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി മാഫിയയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL