മലപ്പുറം: 2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം/വി.വി.പാറ്റ് (EVM/VVPAT) മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായുള്ള പ്രചരണ യാത്രയ്ക്ക് തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ പ്രവർത്തനം വോട്ടർമാർക്ക് നേരിട്ട് ബോധ്യപ്പെടുത്തുക, വോട്ട് രേഖപ്പെടുത്തി ശീലിക്കുന്നതിന് അവസരം ഒരുക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ ഘടിപ്പിച്ച പ്രത്യേക ഡെമോൺസ്ട്രേഷൻ വാനുകൾ ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. വരും ദിവസങ്ങളിൽ എല്ലാ പോളിംഗ് സ്റ്റേഷൻ പരിധികളിലും മെഷീനുകൾ പ്രദർശിപ്പിക്കുകയും വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

