Sunday, March 1News That Matters
Shadow

കോഴിക്കോട് ലോഡ്ജിൽ ലഹരിവേട്ട: നാല് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിലായി. നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് നടത്തിയ റെയ്ഡിലാണ് 26 ഗ്രാം എം.ഡി.എം.എ സഹിതം പ്രതികളെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു ഡാൻസാഫ് സംഘം വ്യക്തമാക്കി. കോഴിക്കോട് ബട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്, കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റോബർട്ട് ജയിംസ് മുൻപും ലഹരിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ആറ് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പിടിയിലായ മറ്റ് മൂന്ന് പേർക്കെതിരെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപന നടത്തിയതിനും നിലവിൽ കേസുകളുണ്ട്. നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL