മലപ്പുറം: തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് കടപുഴകി താഴേക്ക് പതിച്ചത്.
തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന പരിചയസമ്പന്നനായ തൊഴിലാളിയായിരുന്നു ഇദ്ദേഹം. പരേതയായ സരോജിനിയാണ് മാതാവ്. ഭാര്യ: മിനി (ആധാരമെഴുത്ത് ഓഫീസ്, ഫറോക്ക്). മക്കള്‍: അയന, അക്ഷയ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, കൃഷ്ണ കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

