ഇരിങ്ങല്ലൂർ: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ധനസഹായം കൈമാറി. സാന്ത്വന ചികിത്സാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനെ സഹായിക്കുന്നതിനായാണ് സ്കൂൾ തലത്തിൽ ഈ ഫണ്ട് ശേഖരണം നടത്തിയത്. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ രായീൻ കുട്ടി മാസ്റ്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് ഡിവിഷൻ കൺവീനർ സി.കെ. മുഹമ്മദ് അലി മാസ്റ്റർക്ക് തുക കൈമാറി. വാർഡ് മെമ്പർ സജ്ന എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞമ്മദ് മാസ്റ്റർ സി., ആലിക്കുട്ടി ഹാജി കൂനാരി, ഇബ്രാഹിം ചാലിൽ, മുഹമ്മദ് കുട്ടി കെ.കെ. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

