പരപ്പനങ്ങാടി: പരപ്പനങ്ങാടി-കോഴിക്കോട് പാതയിൽ അയ്യപ്പൻകാവ് മുതൽ ചെട്ടിപ്പടി വരെ നീളുന്ന റോഡ് നിർമ്മാണത്തെ ത്തുടർന്നുണ്ടാകുന്ന കടുത്ത പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ ടാറിംഗ് വൈകുന്നതാണ് പ്രദേശത്ത് വലിയ രീതിയിലുള്ള പൊടി ഉയരാൻ കാരണമാകുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാണ്.നേരത്തെ എൽ.ഡി.എഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളിലെ ദുരിതം തുടരുന്ന സാഹചര്യത്തിൽ ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഇന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുമായി ചർച്ച നടത്തി.ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രദേശത്തെ പൊടിശല്യം ഒഴിവാക്കാൻ വെള്ളം അടിക്കുമെന്നും, നിലച്ചുപോയ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. ചർച്ചയിൽ നിയാസ് പുളിക്കലകത്തിന് പുറമെ കേലച്ചൻക്കണ്ടി ഉണ്ണിക്കൃഷ്ണൻ, ഇ.ടി ഉണ്ണിക്കൃഷ്ണൻ, സിന്ധുരാജ്, ബിന്ദു ജയചന്ദ്രൻ, ബിജുഷ ടീച്ചർ, ഫസലുൽ ഫാരിസ എന്നിവർ പങ്കെടുത്തു. ഉറപ്പ് പാലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ വികസന മുന്നണിയുടെ തീരുമാനം.

