പൊന്മുണ്ടം: യു.ഡി.എഫ് സംവിധാനമില്ലാത്ത പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. 15 വർഷത്തെ ലീഗ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോൺഗ്രസ്-സി.പി.എം സഖ്യമായ ‘ജനകീയ മുന്നണി’ പഞ്ചായത്തിൽ അട്ടിമറി വിജയം നേടി. ആകെയുള്ള 18 സീറ്റുകളിൽ 13 ഇടങ്ങളിലും വിജയിച്ചാണ് ജനകീയ മുന്നണി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.ലീഗ് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ജനകീയ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന് വഴിയൊരുക്കിയത്. വാർഡുകളായ 1, 3, 4, 8, 9, 10, 11, 12, 13, 14, 15, 17, 18 എന്നിവടങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾ ആധികാരിക വിജയം നേടി. ശക്തമായ മത്സരം നടന്ന വാർഡുകളിൽ ലീഗിന്റെ മുതിർന്ന നേതാക്കൾക്ക് പോലും കാലിടറി. മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവർ പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം, സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയതിലുള്ള എതിർപ്പും പരമ്പരാഗത ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കി. ലീഗ്-വെൽഫെയർ കൂട്ടുകെട്ടിനെയാണ് ജനകീയ മുന്നണി നേരിട്ടത്. കൂടാതെ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈലത്തൂർ ഡിവിഷനും ലീഗിന് നഷ്ടമായി. ഇവിടെ ജനകീയ മുന്നണി സ്ഥാനാർഥി സിദ്ദീഖ് പുല്ലാട്ടാണ് വിജയിച്ചത്.ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും, നേതൃത്വം ഡി.സി.സി അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ എതിർപ്പുകളെല്ലാം മറികടന്നാണ് പ്രാദേശിക നേതൃത്വം വൻ വിജയം കൊയ്തതെന്നത് ശ്രദ്ധേയമാണ്.

