Sunday, December 7News That Matters
Shadow

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്

ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. പോയ ഒരുവർഷവും കണ്ടത് വാക്കുകൾ ജലരേഖയാകുന്ന കാഴ്ച. ഉരുൾപൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചിൽപോലെവന്ന വാഗ്ദാനങ്ങൾ ആരുമറിയാതെ മൺമറഞ്ഞു. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം.

മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ചിന്തിക്കുന്നതിനും മുന്നേ മുണ്ടക്കൈ മുങ്ങി. വീടുകള്‍ നിലംപൊത്തി. ജീവന് വേണ്ടിയുള്ള നിലവിളികളാണ് പിന്നീട് കേട്ടത്. അവിടെയും നിന്നില്ല. വെള്ളവും കല്ലും മരങ്ങളും അടിഞ്ഞ് തടാകം പോലെ രൂപപ്പെട്ടു. വീണ്ടും ഉരുള്‍ പൊട്ടി. രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ ചൂരല്‍മലയുടെ അങ്ങാടിയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. നാട് രണ്ടായി പിളര്‍ന്നു. രക്ഷാദൗത്യത്തിന്റെ നാളുകളായിരുന്നു പിന്നീട് കണ്ടത്. 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലീമീറ്റര്‍ മഴയാണ്. അപകടമുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

സാമ്പത്തിക സഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ. പണമില്ലാത്തതിന്റെപേരിൽ ഒന്നും മുടങ്ങില്ലെന്ന് ചൂരൽമലയുടെ ഇടറിയ മണ്ണിൽനിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ നാടൊന്നടങ്കം അത് നെഞ്ചേറ്റി. എന്നാൽ, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാമ്പത്തിക സഹായം കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം. ഉരുളുറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ്‌ തുടരുന്നു, നിനച്ചിരിക്കാതെ നഷ്ടപ്പെട്ട കിടപ്പാടത്തിനു പകരമാകില്ലെങ്കിൽക്കൂടി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL