Wednesday, September 17News That Matters
Shadow

കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് വടിവാൾ വിനീതിനെ ആലുവ ബസ് സ്റ്റാൻറിന് സമീപത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു വടിവാൾ വിനീത് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. മാർച്ച് 13 ന് വടക്കഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ സി ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വിനീതിനെയും രാഹുൽ രാജിനെയും കോടതിയിൽ ഹാജരാക്കാൻ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ടുപേരും രക്ഷപെടുകയായിരുന്നു. പരശുറാം എക്സ്പ്രസ് ട്രെയിന്റെ മുന്നിലൂടെയാണ് ഇരുവരും ചാടി രക്ഷപെട്ടത്. രാഹുൽ രാജിനെ അന്ന് തന്നെ പൊലീസ് പിടികൂടി. വടക്കാഞ്ചേരിയിൽ നിന്നും രക്ഷപെട്ട വിനീത് അവിടെ നിന്ന് മോഷ്ടിച്ച ബുള്ളറ്റുമായി അമ്പലപ്പുഴയിൽ എത്തി. അമ്പലപ്പുഴ പൊലീസ് പിന്തുടർന്നെങ്കിലും രക്ഷപെട്ടു. പൊലീസ് പിന്നാലെയുണ്ട് എന്ന് മനസിലാക്കിയ വടിവാൾ വിനീത് പിന്നീട് ഒളിവിൽ പോയി. തുടർന്ന് ആലപ്പുഴ ജില്ല പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഈസ്റ്ററിന് എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് ബുള്ളറ്റിൽ വന്ന വിനീതിനെ പൊലീസ് പിന്തുടർന്നു, തിരുവല്ല പെരുംതുരുത്തിയിൽ വച്ച് ബുള്ളറ്റ് ഉപേക്ഷിച്ച് രക്ഷപെട്ടു. വിനീതിന്റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും തുടർച്ചയായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലുവാ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് വടിവാൾ വിനീത് പൊലീസിന്റെ പിടിയിലായത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL