ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17 ൽ ചെമ്പൻ ഹൗസിൽ ദഹീൻ ( 21) നെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയേയും, തൃശ്ശൂർ കുന്നംകുളം സ്വദേശിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മെയ് മാസം മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു.
അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. വെബ്സൈറ്റിൽ കാണിച്ചിരുന്ന ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ക്രെഡിറ്റ് സ്കോർ കുറവാണെന്നും ഇത് കൂട്ടുന്നതിന് വേണ്ടി വീണ്ടും ബിഡിങ് ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. പരാതിക്കാരന് നഷ്ടമായ തുകയിൽ 3.8 ലക്ഷം രൂപ അറസ്റ്റിലായ പ്രതി ദഹീന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ഈ തുക എടിഎം വഴിയും, ചെക്ക് ഉപയോഗിച്ചും പിൻവലിച്ച് മലപ്പുറം പാണ്ടിക്കാട് ട്രാവൽ ഏജൻസി നടത്തുന്ന തന്റെ സുഹൃത്തിന് കൈമാറിയതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഈ കേസിലേക്ക് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂന്നുദിവസം മുമ്പ് പ്രതിയെ അന്വേഷിച്ചു മലപ്പുറം പാണ്ടിക്കാട് എത്തിയെങ്കിലും പ്രതി ബാംഗ്ലൂരിൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് വി ഷൈജുലാലിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി വീട്ടിലെത്തിയ ദിവസം തന്നെ പാണ്ടിക്കാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഛത്തീസ്ഗഡ് തെലിബന്ധ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതി നിലവിലുണ്ട്.
