മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. ‘കാന്തപുരം അബൂബക്കർ മുസ്ലിയാര് സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോൾ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണം’ എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം. മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷൻ്റെ പരാമർശം. നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തിയുള്ള പിഎംഎ സലാമിൻ്റെ പ്രതികരണം. മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കളായ നാസർ ഫൈസി കൂടത്തായിയും സത്താർ പന്തല്ലൂരും രംഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നതോടെയാണ് വിഷയം മുസ്ലിം ലീഗും സമസ്തയും ഏറ്റെടുത്തത്.

നിങ്ങൾ വാർത്തകൾ അറിയാന് WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com