സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര പാർലമെൻ്ററി – ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത്കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോ൪ഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സ൪ക്കാ൪ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാ൪ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയ൪മാന് അയച്ചു നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസൽ ആണ് ജെ.പി. സിക്ക് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.മെമ്മോറാണ്ടത്തിൻ്റെ പകർപ്പ് കേന്ദ്രമന്ത്രിക്ക് നൽകി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളേയും വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന് പ്രത്യേക ക്ഷണമില്ല. വഖഫ് ബോർഡിനെ ആണ് ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ കേരളത്തിൻ്റെ ഭാഗം കേൾക്കുന്നതിന് പ്രത്യേകം സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിക്കുന്ന തുകയ്ക്കായി 400 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു വെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി അബ്ദുറഹിമാൻ അറിയിച്ചു.കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടകർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും കേന്ദ്രമന്ത്രിയെ അറിയിച്ചു. അടുത്ത ഹജ്ജിന് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
