Thursday, September 18News That Matters
Shadow

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്

ന്യൂസിലാന്‍ഡില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂള്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്. ബ്ലൂ മിസ്റ്റി വഴി ന്യൂസിലന്‍ഡിലെത്തിയ ആളൂര്‍ സ്വദേശിയായ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറം ലോകമറിയുന്നത്. പരാതിയില്‍ ബ്ലൂ മിസ്റ്റിയുടെ മാനേജിങ് ഡയറക്ടര്‍ സിനൂപിനെ അറസ്റ്റ് ചെയ്തു.

ആറര ലക്ഷം രൂപ നഷ്ടപ്പെട്ട കാലടി സ്വദേശിയായ യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാലടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ആളൂര്‍ സ്വദേശി തിരിച്ചെത്തിയപ്പോഴാണ് മനുഷ്യക്കടത്തിന്റെ കാര്യം മനസിലാകുന്നതെന്ന് പരാതിക്കാരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘ഞാന്‍ പോകാന്‍ വേണ്ടി പണം നല്‍കി. എന്നാല്‍ ആളൂര്‍ സ്വദേശി തിരിച്ച് വന്നപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ മനസിലായത്. നഴ്‌സിങ് ജോലിക്കെന്ന് പറഞ്ഞ് ന്യൂസിലന്‍ഡില്‍ അല്ല ബ്ലൂ മിസ്റ്റി ആളുകളെ എത്തിക്കുന്നത്. ആദ്യം പോളണ്ടിലെത്തിക്കും. അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുമെത്തിക്കും,’ പരാതിക്കാരി പറഞ്ഞു.

നിരവധിപ്പേര്‍ ലക്ഷങ്ങള്‍ പണമായി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. തന്നോട് ഒമ്പതര ലക്ഷമാണ് ആവശ്യപ്പെട്ടതെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ആദ്യം തരാമെന്ന് പറഞ്ഞതായും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാത്ത അവസ്ഥയായിരുന്നെന്നും പൊലീസില്‍ പരാതി നല്‍കാനിരുന്നപ്പോള്‍ ഫോണ്‍ വിളിച്ച് പണം നല്‍കാമെന്ന് പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. ഏജന്‍സി വഴി മറ്റ് രാജ്യങ്ങളിലെത്തിയവരില്‍ തിരികെ വരാന്‍ പറ്റാത്തവരുണ്ടെന്നും പലരും കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട കൂടാതെ തിരുവനന്തപുരത്തും ബ്ലൂ മിസ്റ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL